തിങ്കളാഴ്‌ച, മാർച്ച് 31, 2014

മൂളിയലങ്കാരി...

 

മൂങ്ങകളെയിങ്ങിനെ മൂളാന്‍ പഠിപ്പിച്ചതാരാണോ

എന്നു തോന്നുംപോലെ

നിയതമായ ഇടവേളകളില്‍

കൃത്യമായ തരംഗ ദൈര്‍ഘ്യത്തില്‍

കണ്ണുടക്കാത്ത മറവുകളിലിരുന്നവര്‍

മൂളിയുറപ്പിക്കുന്നതെന്താണാവോ..!

ഉണ്ണിയെ പൂമോത്തേക്ക് കൊണ്ടോണ്ടാട്ടോന്ന്

ഉണ്ണിയിപ്പോ ഉണ്ണാമനായല്ലോയെന്ന്

ന്നാലും ആ പുറത്താളത്തിന്റെ വാതിലടച്ചേക്കെന്ന്

പൂമുഖോം പുറത്താളോം ഇല്ലാത്ത

വീടല്ലേ ഇപ്പോഴുള്ളൂയെന്ന്

ന്നാലും ഒരു നാവോറു പാടിക്കണംട്ടോയെന്ന്

അമ്മ പറയുമ്പോള്‍

ഞാന്‍ മൂളിക്കേള്‍ക്കുമ്പോള്‍

എല്ലാവരുടെയും

ചോദ്യങ്ങളും ഉത്തരങ്ങളും

തമ്മില്‍ തമ്മില്‍ മൂളിത്തോല്‍പ്പിക്കുമ്പോള്‍

ജീവിച്ചിരിപ്പുണ്ടെന്ന്

തമ്മില്‍ത്തമ്മില്‍ മൂളിയറിയിക്കുമ്പോള്‍

മൂളല്‍ വരമൊഴിയില്ലാത്ത

ഭാഷയായി മാറുമ്പോള്‍

മൂളിയലങ്കാരിയെന്നത്

ഒരു പ്രയോഗമോ ഉപമയോ

കേവലം ഉത്പ്രേക്ഷ പോലുമോ

അല്ലാതാവുമ്പോള്

മൂങ്ങകളിപ്പോള്‍ നമ്മളല്ലേയമ്മേയെന്ന്

മുഖമൊളിക്കാന്‍ കാവുകളില്ലാത്തിടത്ത്

കണ്ണേറു പറ്റിയത് മൂങ്ങകള്‍ക്കാണമ്മേയെന്ന്

പുള്ളുകളെല്ലാം കടല് കടക്കുകയാണെന്ന്

നാവോറു വേണ്ടത് പുള്ളുകള്‍ക്കാണെന്ന്

പുള്ള്വോര്‍ക്കുടങ്ങളിപ്പോ പാടാറില്ലെന്ന്

പാടിയ നാവോറുകളാണേല്‍ ഏശാറുമില്ലെന്ന്

പറഞ്ഞു പറഞ്ഞും മൂളിമൂളിയും

വീടൊരു കാവാകുമ്പോള്‍

അമ്മമസ്സില്‍ കൂടുകൂട്ടിയിരുന്നൊരു

സങ്കല്‍പ വെള്ളിമൂങ്ങ നീട്ടിമൂളുന്നു...

സ്വര്‍ണ്ണം പൂശിയ ചിറകു കുടഞ്ഞ്

നാലാംനിലയിലെ ജന്നലുയരത്തിലേക്ക് വളര്‍ന്ന 

തെങ്ങോലകള്‍ക്കിടയിലിലൂടെ

നഗരം നോക്കി പറന്നു മറയുന്നു.....

3 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

മൂങ്ങക്കവിത മൂളിക്കേട്ടു
കൊള്ളാം

viddiman പറഞ്ഞു...

മനോഹരം.

പരസ്പരം മൂളുന്നതും മറന്നുപോയ് തുടങ്ങിയിരിക്കുന്നു നാം. ഒന്നിനൊന്ന് വേർതിരിച്ച് പണിതുയർത്തിയ കിളിമുറികളിൽ തനിയെ ചികഞ്ഞും ചിന്തിച്ചും മൂളിയലങ്കാരി എന്ന പേരു പോലും നഷ്ടപ്പെട്ട്..

പുള്ളുകൾ കടലു കടക്കുമ്പോൾ, പുറകെ മരങ്ങളും മലകളും കടലിലേക്ക് തന്നെയാണല്ലോ ഇറങ്ങി വരുന്നത്. ഇരിക്കാനൊരു തൈതെങ്ങു പോലുമില്ലാതെ നഗരം നോക്കി പറന്നകലുക തന്നെ..

അമ്മ പറയുമ്പോള്‍

ഞാന്‍ മൂളിക്കേള്‍ക്കുമ്പോള്‍ >> ഇവിടെ 'ഞാൻ' വേണ്ടിയിരുന്നില്ല എന്നു തോന്നി.

സൗഗന്ധികം പറഞ്ഞു...

വീട്ടിലെ കാവിൽ നിറയെ മൂങ്ങകളുണ്ട്. പാവങ്ങൾ..

നല്ല കവിത

ശുഭാശംസകൾ.....